2010 ഓഗസ്റ്റ് 23, തിങ്കളാഴ്‌ച

ഇരട്ടകുട്ടികളുടെ ടീച്ചര്‍.


ഞാന്‍ പഠിച്ച ആദ്യാക്ഷരങ്ങളോളം പഴക്കം ഉണ്ട് ഇത്തീമ ടീച്ചറുടെ ഓര്‍മകള്‍ക്ക്. വെള്ള തുണിയും വെള്ള ഷര്‍ട്ടും ഇട്ടു മാത്രം കണ്ടിട്ടുള്ള, മറ്റുള്ളവര്‍ ഹജ്ജുമ്മ ടീച്ചര്‍ എന്ന് വിളിക്കുന്ന ഇത്തീമ ടീച്ചര്‍. സ്കൂള്‍നോട് ചാരിയുള്ള ആ ചെറിയ ഗ്രൌണ്ടിന്റെ അറ്റത്തായിരുന്നു അവരുടെ വീടും. അന്ന് ക്ലാസ്സിലെ പ്രധാന ആകര്‍ഷണം ആയിരുന്നു ഇവരുടെ പേരക്കുട്ടികള്‍ രണ്ടു പേര്. ഇവരുടെ പേരക്കുട്ടികള്‍ ആയതു മാത്രം ആയിരുന്നില്ല അവരുടെ പ്രത്യേകത. കണ്ടാല്‍ ഒരു പോലിരിക്കുന്നവര്‍, ഒരേ പോലെ വസ്ത്രം ധരിക്കുന്നവര്‍, എപ്പോഴും പരസ്പരം തോളില്‍ കയ്യിട്ടു മാത്രം കാണാന്‍ പറ്റിയിരുന്നവര്‍. അവര്‍ മാഷന്മാരുടെയും ടീചെര്‍മാരുടെയും കണ്ണിലുണ്ണികള്‍ ആയതു ഇത്തീമ ടീചെര്‍ടെ പേരമക്കള്‍ ആയതു കൊണ്ടാവാം. പക്ഷെ ഞങ്ങള്‍ക്ക് അവരോടു അസൂയ തോന്നിയത് ഇടയ്ക്കിടയ്ക്ക് ടീച്ചര്‍ അവര്‍ക്ക് കൊടുക്കുന്ന ബിസ്കറ്റ് കാരണം ആയിരുന്നു. പിന്നെ, എപ്പോഴൊക്കെയോ ജന്നലില്‍ ചിരിച്ചു കൊണ്ട് പ്രത്യക്ഷപ്പെടരുള്ള അവരുടെ ഉമ്മയുടെ രൂപവും. വെളുത്തു സുന്ദരിയായ അവരുടെ ഉമ്മ. എല്ലാ കുട്ടികള്‍ക്കും സുപരിചിതയായിരുന്നു അവര്‍. അതിനു കാരണവും ഉണ്ട്. അവര് മക്കള്‍ക്ക്‌ കൊണ്ട് വരുന്നതിന്റെ ഒരു പങ്കു എല്ലാര്‍ക്കും കിട്ടുമായിരുന്നു. അത് ചിപ്സ് ആണെങ്കിലും ഓറഞ്ച് ആണെങ്കിലും. അങ്ങിനെ ഒരര്‍ത്ഥത്തില്‍ അവിടെ ഞങ്ങളുടെ എല്ലാരുടെയും ഉമ്മ. അവരെ വിളിക്കുന്ന പോലെ ഞങ്ങളെയും മക്കളെ എന്ന് വിളിച്ചിരുന്നു ഉമ്മ.

ഇവരുടെ പേര് പറഞ്ഞില്ല അല്ലെ. ഒരാളുടെ പേര് നൌഷാദു, മറ്റയാള്‍ നഷീദ്. ( ആരാണ് നൌഷാദെന്നും നഷീദ് എന്നും ഇപ്പോഴും അറിയില്ല ). തുടക്കക്കാരന്റെ അസൂയ പിന്നീടെപ്പോഴോ മാറി. പരസ്പരം തോളില്‍ കയ്യിട്ടു നടന്നവരുടെ തോളില്‍ കയ്യിടുന്ന ഒരാള്‍ ഞാനും ആയി. അനിലും ഞാനും നൌഷാദും നഷീദും. ഞങ്ങള്‍ നാല് പേരും ആയിരുന്നു എപ്പോഴും കൂട്ട്. തമ്മില്‍ പിണഞ്ഞു ചേര്‍ന്ന് ചങ്ങല പോലെ പരസ്പരം തോളിലൂടെ കൈ ചേര്‍ത്ത് പിടിച്ചു ഞങ്ങള്‍ ആ ഉങ്ങ് മരത്തിന്റെ വേരില്‍ എത്ര ഇരുന്നിരിക്കുന്നു. ( കൊച്ചു കുട്ടികളില്‍ മാത്രം കാണുന്ന ഒരു ആത്മബന്ധത്തിന്റെ പ്രതിബിംബം ആണ് ആ തോളില്‍ കൈ ഇടല്‍. വലുതാവുന്നതിനനുസരിച്ച്‌ നമ്മളിലെ ഈഗോ വളരുമ്പോള്‍ അത് അപ്രത്യക്ഷം ആവുകയും ചെയ്യുന്നു ). ഞാനും അനിലും പരസ്പരം തല്ലു പിടിക്കുന്നത്‌ അവര്‍ രണ്ടുപേരും നോക്കി നില്‍ക്കുമെന്നല്ലാതെ ഒരിക്കലും ഞങ്ങളുടെ അടിപിടിയി അവര്‍ കക്ഷി ചേര്‍ന്നിട്ടില്ല.എല്ലാം മറന്നു പിറ്റേ ദിവസവും അതേ സ്ഥലത്ത് !

അത് ഞങളുടെ രണ്ടാം വര്‍ഷമായിരുന്നു. അല്പസ്വല്പം കലഹവും അതിലേറെ കളിയും ചിരിയും നിറഞ്ഞ ഒരു വര്‍ഷത്തിനു ശേഷം അതില്‍ വലിയ മാറ്റം ഒന്നും ഇല്ലാതിരുന്ന രണ്ടാം വര്‍ഷം. ഇവര്‍ക്ക് കിട്ടാറുള്ള ഇത്തീമ ടീചെര്‍ടെ ബിസ്കറ്റും ഇടക്കിടെയുള്ള പലഹാര സപ്ലൈയും ഒക്കെ കഴിഞ്ഞ വര്‍ഷം പോലെ ഈ വര്‍ഷവും മുടങ്ങാതെ നടക്കുന്നു. നല്ല മഴയുള്ള ഒരു ദിവസം. സാധാരണ മഴയുള്ള ദിവസങ്ങളില്‍ സ്കൂള്‍ ഉണ്ടാവാറില്ല. എന്നാലും പോയി നോക്കുന്ന പതിവുള്ളത് കൊണ്ട് പോയി നോക്കി. പ്രതീക്ഷിച്ച പോലെ സ്കൂള്‍ ഇല്ല. പക്ഷെ, സ്കൂള്‍നു മുന്നിലും ഗ്രൌണ്ടിലും നിറയെ കുടകള്‍. ചാറ്റല്‍ മഴ വക വെക്കാതെ കുട മടക്കി ആള്‍കൂട്ടത്തിനിടയിലൂടെ മുന്നിലെത്തി. അവിടെ, നൌഷാദും നഷീദും ! എപ്പോഴും പരസ്പരം തോളില്‍ കയ്യിട്ടു മാത്രം കണ്ടിട്ടുള്ള അവര്‍ അപ്പോഴും പരസ്പരം കെട്ടിപ്പിടിച്ചു, മേലാകെ നനഞ്ഞു ചളിയില്‍ കിടക്കുകയായിരുന്നു. തൊട്ടടുത്ത്‌ ഞങ്ങള്‍ക്ക് ഇടക്കൊക്കെ പലഹാരം തരാറുണ്ടായിരുന്ന ആ അമ്മയും. അവര്‍ വിളറിയും വിറങ്ങലിച്ചുമിരുന്നു. രാത്രിയുടെ യാമങ്ങളില്‍ എപ്പോഴോ മാനസിക വിഭ്രാന്തിയുണ്ടായിരുന്ന ആ അമ്മ ഉറങ്ങികിടക്കുന്ന മക്കളെ എടുത്തു കിണറ്റില്‍ എറിഞ്ഞു സ്വയം ചാടി മരിക്കുകയായിരുന്നു എന്ന് പിന്നീടറിഞ്ഞു. രക്ഷപെടാന്‍ നടത്തിയ അവസാന ശ്രമം കൊണ്ടാണോ അതോ അവര്‍ മരണത്തിലും കെട്ടിപ്പിടിച്ചു കിടക്കാന്‍ തീരുമാനിച്ചതയിരിക്കുമോ..അറിയില്ല..എങ്കിലും എന്നെത്തെയും പോലെ പരസ്പരം പുണര്‍ന്നു കിടക്കുന്ന അവരുടെ രൂപം ഇന്നും ഓര്‍ക്കുന്നു.

പിറ്റേദിവസം പതിവ്പോലെ സ്കൂളില്‍. നൌഷാദിനേം നഷീദിനേം വിഴുങ്ങിയ കിണറിലെ വെള്ളം ഒരു പമ്പ് വെച്ച് പുറത്തേക്കു അടിക്കുന്നതയിരുന്നു ആ ദിവസവും മറ്റുദിവസങ്ങളും തമ്മിലുള്ള പ്രകടമായ വ്യത്യാസം. സ്കൂളിന്റെ മുറ്റവും ഗ്രൌണ്ടും വെള്ളം ! ഇടക്കൊപ്പോഴോ ഉള്ള ഇടവേളയില്‍ കുട്ടികള്‍ ഓടി അതില്‍ വെള്ളം തട്ടിയും തേവിയും കളിക്കുന്നത് കാണാമായിരുന്നു. തിരിച്ചു വീട്ടിലേക്കു പോവാന്‍ ആ വെള്ളത്തിലേക്ക്‌ ഇറങ്ങിയപ്പോള്‍ അതിനു നൌഷാദിന്റെം നഷീദിന്റെം ഗന്ധം തോന്നിയത് യാദ്രശ്ചികം ആയിരുന്നിരിക്കണം. പക്ഷെ ആ ദിവസത്തിന് ശേഷം ഞങ്ങള്‍ ഒരിക്കലും അവരെ രണ്ടു പേരെയും കണ്ടില്ല. കൂടെ ഇത്തീമ ടീച്ചറിനെയും..!!

2010 ഓഗസ്റ്റ് 18, ബുധനാഴ്‌ച

നിസാര്‍ ദി ഗ്രേറ്റ്‌



ഇത് ബുദ്ധി എത്താത്ത പ്രായത്തില്‍ നടന്നതോന്നുമാല്ലാട്ടോ..ശരിക്കും ബുദ്ധിയും ഒരല്പം അതിബുദ്ധിയും എത്തിയ കാലത്ത് നടന്നതാ..

ഞങ്ങടെ കൂട്ടത്തിലെ സ്വയം പ്രഖ്യാപിത 'ബുദ്ധിജീവി' ആയിരുന്നു നിസ്സാര്‍ എന്ന യുവകോമളന്‍. ഒരല്പം പൊട്ടത്തരങ്ങളും അതിലേറെ മണ്ടത്തരങ്ങളും തന്റെ ക്രെഡിറ്റ്‌ ലിസ്റ്റില്‍ പണ്ടേ തന്നെ എഴുതിചേര്‍ത്ത വിദ്വാന്‍. എന്നാലോ അതില്‍ ഒരല്പം പോലും അഹങ്കാരമോ ജാടയോ തൊട്ടുതീണ്ടാത്തവന്‍ ! സംഭവം ഇങ്ങിനെ ഒക്കെ ആണെങ്കിലും കൂട്ടത്തില്‍ സുമുഖന്‍, സുന്ദരന്‍ ! ആറടി രണ്ടിഞ്ചു പോക്കവുമായി 'കിളിപിടുത്തത്തില്‍' ( അങ്ങിനെ ഒരു പ്രയോഗം ഉണ്ട് ഞങ്ങള്‍ടെ ഇടയില്‍, സംഭവം ലളിതം. ലൈന്‍ അടിയാണ് കാര്യം) അസാമാന്യ പ്രവീണ്യം നേടിയവന്‍. മേല്പറഞ്ഞ കിളികളുടെ കയ്യില്‍നിന്ന് പലപ്പോഴായി നേടിയെടുത്ത ചീത്തവിളികളും ചില്ലറ 'കൈ പ്രയോഗങ്ങളും' അവനു സച്ചിന്‍ ബൂസ്റ്റ്‌ കുടിച്ചപോലെ ആയിരുന്നു. ഒരല്പംകൂടെ കാത്തിരുന്നെങ്കില്‍ കൂടെ സെക്രെട്ട് ഓഫ് എനര്‍ജി പറയാന്‍ ഒരു പയ്യനെ കൂടെ അവന്‍ സ്വന്തം അധ്വാനത്തില്‍ സൃഷ്ടിചെടുത്തെനെ !

ചെന്നൈയില്‍ എണ്ണത്തില്‍ വളരെകുറഞ്ഞ മലയാളി വിദ്യാര്‍ത്ഥികള്‍ മാത്രം (ഞങ്ങള്‍ അടക്കം) താമസിക്കുന്ന പ്രൈവറ്റ് ഹോസ്റ്റല്‍ ആണ് ഇതിയാന്റെ പ്രധാന മേച്ചില്‍പുറം. കാലത്ത് തന്നെ തന്റെ കലാപരിപാടികള്‍ ആരംഭിക്കുന്നതില്‍ അതീവ ശ്രദ്ധാലുവായിരുന്ന കക്ഷി. കിടക്കയില്‍നിന്നെഴുന്നേറ്റു തോര്‍ത്തിന് പകരം, തന്റെ ഉടുമുണ്ട് ഊരി തോളിലിട്ടു പാതി ഉറക്കത്തില്‍ 'പിറന്നപടി' വരാന്തയിലൂടെ ബത്ത്രൂമിലെക്കുള്ള ആനനട തൃശൂര്‍ പൂരത്തിന് കുടമാറ്റം കാണുന്നപോലെ മറ്റുള്ളവര്‍ വീക്ഷിക്കുന്ന ഒരു പതിവും ഉണ്ടായിരുന്നു. ഇടക്ക് എവിടെയോ ഒളിച്ചിരുന്ന് ഒരുത്തന്റെ കമന്റ്‌. .." നല്ല തലയെടുപ്പാണല്ലോ ആശാനേ..."..! അപ്പോഴാണ് ബോധം വരുന്നത്. തന്റെ കയ്യില്‍ തോര്തുമുണ്ടല്ലെന്നും തന്‍ നഗ്നനാണെന്നും ഉള്ള ബോധം. അവിടന്നാണ് ജോഗ്ഗിംഗ് തുടങ്ങുന്നത്. കമന്റ്‌ കേട്ടില്ലെങ്കിലും ചിരിയില്‍ നിന്ന് അത്ര സുഖമുള്ളതല്ല എന്ന തിരിച്ചറിവില്‍ പറഞ്ഞവന് വേണ്ടി തിരച്ചില്‍, ഓടുന്നവന്റെ പിന്നാലെ ഓട്ടം, കയില്‍ കിട്ടിയവന്റെ മുതകത്തിടി, അവസാനം അവര്‍ സംഘം ചേര്‍ന്ന് ഇവന്റെ കൂമ്പിടിച്ചു വാട്ടല്‍ തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറുകയായി. നിസാറിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ " ഞാന്‍ സ്റ്റാര്‍ട്ട്‌ ചെയ്തു, അവര് ഫിനിഷ് ചെയ്തു അളിയാ..."

ക്ലാസ്സില്‍ പോവുന്നതിനു മുമ്പും വന്നതിനു ശേഷവും കൂടിചേരുന്നത് ഹോസ്റെലിനു താഴെയുള്ള ബാബുവണ്ണന്റെ കടയില്‍. ബാബുവണ്ണന്‍ ! ഒരു പാവം കൊല്ലത്തുകാരന്‍. കടയിലേക്ക് സാധനം വാങ്ങികൊണ്ട് വരുന്നതും വില്‍ക്കുന്നതും കട മോടികൂട്ടുന്നതും ഒഴിച്ചാല്‍ വേറെ ഒരു അക്ടിവിടിയും ഇല്ലാത്ത പാവം മധ്യവയസ്കന്‍. പെട്ടെന്ന് ഒരു സോപോ ചീപ്പോ ആവശ്യം വന്നാല്‍ ഗ്രില്‍ ഒന്നും ഇല്ലാത്ത ജന്നല്‍ തുറന്നു ( അവിടെ ഒരു ഗ്രില്‍ ഉണ്ടായിരുന്നെന്നും മുമ്പ് താമസിച്ചിരുന്നവര്‍ എ ക്ലാസ്സ്‌ പടം കാണാന്‍ സീ ക്ലാസ്സ്‌ തിയേറ്ററില്‍ പോവാന്‍ വേണ്ടി അത് അഴിച്ചു മാറ്റിയതാണെന്നും ആണ് ഐതിഹ്യം! ) താഴേക്ക്‌ വിളിച്ചുകൂവും.." അണ്ണോ....ഒരു സോപ്പ് എട്..." വിതിന്‍ നോ ടൈം അണ്ണന്‍ കടയില്‍ നിന്നിറങ്ങി തുറന്നു വെച്ച ജന്നലിലൂടെ സോപ്പ് പാര്‍സല്‍ ആയി അകത്തേക്ക് വിടും. ഇതാണ് കലാ കാലങ്ങളായി നടന്നു വരുന്ന ചിട്ടവട്ടം. അന്ന് കടയില്‍ നിന്ന് പുറത്തിറങ്ങാത്ത ബാബുവണ്ണന്‍ പതിവിനു വിപരീതമായി റോഡിന്‍റെ ഡിവൈഡറില്‍ കയറി നിന്ന് കട വീക്ഷിക്കുന്നത് കണ്ടാണ്‌ ക്ലാസ്സില്‍ നിന്ന് വന്നത്. ഒരല്പം കഴിഞ്ഞാണ് സംഗതികളുടെ കിടപ്പ് വശം മനസ്സിലായത്. അണ്ണന്‍ കടയുടെ ബോര്‍ഡ്‌ മാറ്റിയിരിക്കുന്നു. പഴയ തകരബോര്‍ഡ്‌ മാറ്റി പകരം അകത്തു ട്യൂബ് ലൈറ്റ് ഫിറ്റ്‌ചെയ്ത ഫൈബര്‍ഗ്ലാസ്‌ ബോര്‍ഡ്‌ ആക്കിയിരിക്കുന്നു. സന്ധ്യ ആയപ്പോ ലൈറ്റ് ഒക്കെ ഓണ്‍ ചെയ്തു കക്ഷി അതിന്റെ സൌന്ദര്യം നുകരുകയാണ്. നല്ല ചുവപ്പും വെളുപ്പും നിറത്തില്‍ ദൂരെ നിന്ന് കാണാവുന്ന രൂപത്തില്‍ ഇത്തിരി വലുതാക്കിയാണ് പുതിയ ബോര്‍ഡ്‌ വെച്ചിരിക്കുന്നത്. അകത്തു മിന്നുന്ന ട്യൂബ് ല്യ്ട്സ് കാരണം അവിടെ മൊത്തത്തില്‍ ഒരു പ്രകാശം ഉണ്ട്. ചുരുക്കം പറഞ്ഞാല്‍ പുതിയ ബോര്‍ഡില്‍ ബാബുവണ്ണന്റെ കട 'കിടു' ആയിട്ടുണ്ട്‌. പിറ്റേദിവസം അവധിയായതിനാല്‍ നമ്മുടെ 'ഉത്സാഹ കമ്മിറ്റി ചെയര്‍മാന്‍' ശ്രീമാന്‍ നിസ്സാര്‍ പാക്കറ്റ് ചാരായം ഒക്കെ വാങ്ങി ഒന്ന് മിനുങ്ങാന്‍ ഉള്ള പുറപ്പാടിലായിരുന്നു. മിനുങ്ങലിനു കളര്‍ കിട്ടാത്തതിന്റെ വെഷമം കോള വെച്ച് തീര്‍ക്കാനും ഉറച്ചു. വല്ലഭനു പുല്ലും ആയുധമെങ്കില്‍ നിസ്സാറിനു കോളയും ആയുധം ! ചാരായം വിളംബികഴിഞ്ഞതിനു ശേഷമാണു ഇത് കളര്‍ അല്ലല്ലോ എന്ന തിരിച്ചറിവുണ്ടായത്. പിന്നൊന്നും നോക്കിയില്ല, ജന്നല്‍ തുറന്നു ഉച്ചത്തില്‍ ഒരു കൂവല്‍.." അണ്ണോ..ഒരു കോള ഇങ്ങു വിട്ടേ..." കടയുടെ മോടി കൂടിയ സന്തോഷത്തില്‍ ബാബുവണ്ണന്‍ ഉണ്ടോ അമാന്തിക്കുന്നു ..500ml ന്റെ ഒരു കുപ്പിയുമായി അങ്ങേരു കടക്കു പുറത്തു റെഡി ! മുകളില്‍ രണ്ടു കയ്യും നീട്ടി നിസ്സാറും റെഡി ! ബാബുവണ്ണന്റെ കമന്റ്‌, " പിടിക്കാതെ താഴെ വീണു പൊട്ടിയാല്‍ കാശു തരേണ്ടി വരുവേ..." അപ്പൊ അവനോടു വീടും പറമ്പും അണ്ണന്റെ പേരില്‍ എഴുതാന്‍ പറഞ്ഞാല്‍ പോലും അവന്‍ സമ്മതിച്ചേനെ. ഉടനെ വിട്ടു മറുപടി.." പിന്നില്ലേ അണ്ണാ..തമിഴ്നാട്ടിലെ കേരള ക്രിക്കറ്റ്‌ ടീം ക്യാപ്ടനെ ആണോ പിടിക്കാന്‍ പഠിപ്പിക്കുന്നെ.." ( ഇവന്‍ ക്രിക്കറ്റ്‌ പോയിട്ട് പെമ്പിള്ളാരെ അല്ലാതെ വേറെ ഒന്നിനെയും പിടിക്കുന്നത് ഞാന്‍ ഇന്ന് വരെ കണ്ടിട്ടില്ലെന്നത് എനിക്ക് മാത്രമല്ലെ അറിയൂ..). അണ്ണന്‍ ഇത് കേട്ടത് പാതി കേക്കാത്തത് പാതി ക്യാച്ച് എന്നും പറഞ്ഞു ഗൂഗ്ലി സ്റ്റൈലില്‍ ബോട്ട്ല്‍ മേലോട്ട്...... ഠിം !! ഒരു ശബ്ദം മാത്രം കേട്ടത് ബാബു അണ്ണന് അറിയാം. ബോട്ട്ല്‍ താഴെ എത്തിയില്ല. മുകളില്‍ ക്യാച്ച് ചെയ്യാന്‍ നിന്ന നിസ്സാര്‍നെ അവിടെ കാണാനും ഇല്ല. പിന്നെയാണ് അണ്ണന് കാര്യം മനസ്സിലായത്. ബോട്ട്ല്‍ , പുത്തന്‍ പുതിയ ബോര്‍ഡ്‌ പൊട്ടിച്ചു അതിനകത്തേക്ക് കയറിയിരിക്കുന്നു. ബോര്‍ഡിനകത്തു കത്തികൊണ്ടിരുന്ന ട്യൂബ് ല്യ്ട്സ് പലതും അണഞ്ഞു പോയിരിക്കുന്നു.അണ്ണന്‍ ആ നില്പ് നിന്ന് കണ്ണൊക്കെ നിറച്ചു നമ്മുടെ നിസാറിനെ പതിനാറു തലമുറ പിന്നോട്ടും പതിനാറു തലമുറ മുന്നോട്ടും തെറി വിളിച്ചത് ഇന്നും എന്റെ കാതില്‍ മുഴങ്ങുന്നു. ഇതിനും ഉണ്ട് നിസാറിന്റെ സ്വതസിദ്ധമായ ഭാഷയില്‍ മറുപടി. " അണ്ണന്റെ ബോര്‍ഡിലെ ട്യൂബ് ല്യ്ട്സ് പോയാല്‍ എന്താ അളിയാ..അങ്ങേര്‍ടെ തലയിലെ ട്യൂബ് ല്യ്ട്സ് ഇനി ഒരുകാലത്തും പോവില്ലാന്നെ.."

വീട്ടില്‍നിന്നയക്കുന്ന കാശ് തികയാതെ വരികയും kerala students welfare fund എന്ന പേരില്‍ വട്ടച്ചിലവിനായുള്ളപാട്ടപിരിവു കുട്ടികളുടെ ഇടയില്‍ ഏശാതെ വരികയും ചെയ്ത സാഹചര്യത്തില്‍ മറ്റൊരു വരുമാനത്തിനായി ഡെയിലി ക്ലാസ്സ്‌കഴിഞ്ഞു ഒരു പാര്‍ടൈം ജോലിക്ക് ചേരാനുള്ള തീരുമാനം എല്ലാവരും ഒരുമിച്ചെടുത്തതയിരുന്നു. ഒരുവിധത്തില്‍ എല്ലാരുംഓരോജോലിയില്‍ പ്രവേശിച്ചു. നമ്മുടെ കഥാനായകന്‍ പ്രവേശിച്ചത്‌ ഒരു ജൌളിക്കടയില്‍. വര്‍ഷങ്ങള്‍ക്കു മുന്‍പേചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഒരു ഗുജറാത്തി ആയിരുന്നു മുതലാളി. പൊതുവേ ജോലിയെക്കാളും ഉത്സാഹം വെറുതെഇരിക്കുവാന്‍ കാട്ടിയിരുന്ന നിസ്സാറിനെ കണ്ടാല്‍ തന്നെ കാള ചുവപ്പ് തുണി കണ്ടപോലെ ആയിരുന്നുത്രേ ഗുജറാത്തിക്ക്. നിവൃത്തികേട് കൊണ്ട് അതൊക്കെ സഹിച്ചു അവന്‍ തുടരാന്‍ തീരുമാനിച്ചു. ജോലിക്ക് കേറി മൂന്നാം ദിവസം ഏതോ ഒരുകസ്ടമര്‍ സെലക്ട്‌ ചെയ്യാന്‍ എന്ന പേരില്‍ വലിച്ചു വരിയിട്ട തുണിത്തരങ്ങള്‍ക്ക് മുന്നില്‍ ' അണ്ടി പോയ അണ്ണാനെ പോലെ' വാപൊളിച്ചു ഇരിക്കുന്ന നിസ്സാറിന്റെ കണ്ടാണ്‌ ഗുജറാത്തി വന്നത്. വില്ലജ് ഓഫീസില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വന്നവനെഉധ്യോഗസ്ഥന്‍ നോക്കുന്ന അതെ അവക്ഞ്ഞയോടെയാണ് കക്ഷി ഗുജരതിയെ നോക്കിയത്. കളിയിലകിയെ ഗുജറാത്തിഅവനോടു അലറി. " എന്നാടാ..പാത്തുക്കിട്ടെ ഇറുക്ക്‌..അന്ത ഡ്രസ്സ്‌ എല്ലാം ഒളുന്ഗ ഷെല്‍ഫ് ഏതിവെയ് .." എന്താടാ വെറുതെനോക്കിയിരിക്കുന്നെ ..ആ ഡ്രസ്സ്‌ എല്ലാം അലമാരിയിലോട്ടു അടുക്കി വെക്ക് എന്നാണ് പുള്ളി പറഞ്ഞത്. നിസ്സാറിന്റെ ഉള്ളിലെബുദ്ധിമാന്‍ അപ്പോഴാണ് സടകുടഞ്ഞു എഴുന്നേറ്റത്. ഇത് തന്നെ ഗുജറാത്തിയെ ഇമ്പ്രെസ്സ് ചെയ്യാന്‍ പറ്റിയ അവസരം. നിസ്സാര്‍ചാടിയെഴുന്നേറ്റു പറയേണ്ടത് ആലോചിച്ചു. തമിഴാണ് പറയേണ്ടത്. എങ്ങിനെ എങ്കിലും ഒപ്പിച്ചു ഇങ്ങേരെ ഒന്ന് കുളിപ്പിച്ച്കിടത്തണം..ശരി..അവന്‍ പറയാനുറച്ചു. 'നിങ്ങള്‍ ഇരിക്ക്. ഞാന്‍ ചെയ്യാം'..ഇതാണ് പറയേണ്ടത്. പക്ഷെ എങ്ങിനെതാമിഴാക്കും..അവസാനം അവന്‍ പറഞ്ഞുറപ്പിച്ചു..." നീങ്ഗ സെയ്യിന്ഗ...നാന്‍ ഉക്കാരട്ടും..! " പിന്നീട് അവിടെനടന്നെതെന്താണെന്ന് അവനു പോലും അറിയില്ല. ഗുജറാത്തി അവിടെ ഇരുന്നു കോമരം തുള്ളി. അങ്ങേരുടെ തടിമാടന്മാരായകയ്യാളുകള്‍ നിസാറിന്റെ പിടലി പിടിച്ചു പുറത്തേക്കു തള്ളി. അപ്പോഴും കാര്യം എന്താണെന്നു അവനു മനസ്സിലായില്ലരുന്നു. പിന്നെയാണ് ആ കടയില്‍ ഒരു പഴയ മലയാളി അവനോടു അതിന്റെ കാര്യം വിവരിച്ചത്. അതിങ്ങിനെയാണ്; നിന്നോട്സാധനഗല്‍ അടുക്കി വെക്കാന്‍ പറഞ്ഞപ്പോള്‍ നീ ഗുജറാത്തിയോട് നിനക്കിരിക്കണം , നിങ്ങള്‍ അടുക്കി വെച്ചോ എന്ന്തിരിച്ചു പറഞ്ഞതാണ്‌ തന്നെ കഴുത്തിന്‌ പിടിച്ചു പുറത്താക്കാന്‍ കാരണം ! അപ്പോഴാണ് നമ്മുടെ ആശാന് കാര്യംപിടികിട്ടിയത്.. പറഞ്ഞത് അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയിരിക്കുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം. ഇത് കേട്ടറിഞ്ഞുഅവനോടു ചോദിച്ചപ്പോ അവന്‍ പറഞ്ഞ മറുപടി ഇങ്ങിനെ.." അളിയാ...നമ്മുടെ നാട്ടിലെ വാത്തുകളുടെ കാര്യം കഷ്ടാട്ടോ.... അവറ്റകളുടെ കഴുത്തിനല്ലേ കേറി നമ്മള്‍ കുത്തിപ്പിടിക്കുന്നെ...ഒടുക്കത്തെ വേദനയാ അളിയാ...."

2001 ലെ റിപബ്ലിക് ദിനം. ഒരു ഇന്ത്യക്കാരനും മറക്കാന്‍ പറ്റാത്ത ഒരു റിപബ്ലിക് ദിവസമായിരുന്നു അത്. റിപബ്ലിക് ദിനാഖോഷങ്ങള്‍ കൊണ്ടല്ല, മറിച്ച്‌ ഇന്ത്യ കണ്ട ഏറ്റവും വലിയ ഭൂകമ്പങ്ങളില്‍ ഒന്ന് അന്നായിരുന്നു. ഗുജറാത്തിലെ കച്ചില്‍ കാലത്ത് 8:50 നു. ഞങ്ങള്‍ അറിഞ്ഞത് എല്ലാ ആഖോഷങ്ങളും കഴിഞ്ഞ്‌ ! അന്ന് എല്ലാരുടേം മനസ്സില്‍ ഇത് തന്നെ ആയിരുന്നു.ആ ദിവസം മുഴുവന്‍ ടി.വി യുടെ മുന്‍പില്‍.എല്ലാര്‍ക്കും പറയാന്‍ ഉള്ളത് നഷ്ടങ്ങളുടെ കണക്കുകള്‍. എല്ലാരുടേം മനസ്സ് അസ്വസ്ഥമായിരുന്നു അന്ന്. കിടക്കാന്‍ നേരത്ത് ആകെയുള്ള ഏഷ്യാനെറ്റ്‌ എന്നാ മലയാളം ചാനലില്‍ അതിന്റെ റിപ്പോര്‍ട്ട് കണ്ടാണ്‌ കിടന്നത്..എല്ലാരും കണ്ണടച്ച് കിടക്കുന്നെങ്കിലും ആരും ഉറങ്ങിയില്ലെന്നത് ഓരോരോ ബെഡില്‍ നിന്ന് ഉയരുന്ന ദീര്‍ഖനിശ്വാസങ്ങള്‍ പരസ്പരം അറിയിക്കുന്നുണ്ടായിരുന്നു.താഴെ റോഡില്‍ വാഹനങ്ങളുടെ പതിവ് ഇരമ്പല്‍ ഒന്നും ഇല്ല. ഈ സമയത്തൊക്കെ നിര്‍ത്താതെ ഹോണ്‌കളുടെ ബഹളമാണ് ഉണ്ടാവാറുള്ളത്. പെട്ടെന്ന് താഴെ ഒരു വലിയ ശബ്ദം കേട്ടാണ് ഞാന്‍ ആ ജന്നല്‍ തുറന്നത് ( ആ ജന്നലിനു തൊട്ടു കീഴെയാണ് എന്റെ സ്ഥാനം.). ഒരു ചെറിയ ഭീതിയോടെയാണ് എല്ലാരും ജന്നലിന്റെ അടുത്ത് ഓടി വന്നത്. റോഡില്‍ കുറെ ഫൈബര്‍ കസേരകള്‍ ചിതരികിടക്കുന്നത് കാണാമെന്നല്ലാതെ മറ്റൊന്നും മനസ്സിലായില്ല. ഞങ്ങള്‍ എല്ലാരും താഴേക്ക്‌ നോക്കുന്ന സമയത്തും നിസ്സാര്‍ ഉറക്കത്തില്‍ നിന്ന് ചാടാപടാ എഴുന്നേറ്റു തന്റെ അലമാരിയില്‍ എന്തോ പരതുവയിരുന്നു. തിരിഞ്ഞു നോക്കിയ ഞാന്‍ കണ്ടത് അവന്‍ കഷ്ടപ്പെട്ട് പേഴ്സ് എടുക്കുന്നതാണ്. അത് അവന്റെ കയില്‍ കിട്ടിയതും അവന്‍ മറ്റൊന്നും ആലോചിച്ചില്ല. " ജീവന്‍ വേണേല്‍ ചാടിക്കോടാ..ഭൂമി കുലുങ്ങുവാ.." പിന്നെയും എന്തൊക്കെയോ പറഞ്ഞു. പക്ഷെ അപ്പൊ അവന്‍ ഒരു യാത്രയില്‍ ആയതു കൊണ്ട് ശരിക്ക് കേള്‍ക്കാന്‍ പറ്റിയില്ല. ആ ജന്നലിലൂടെ താഴേക്കുള്ള യാത്രയില്‍ ആയിരുന്നു അവന്‍. പറഞ്ഞതൊന്നും ശരിയായി കേട്ടില്ലെങ്കിലും അവന്റെ ലാണ്ടിംഗ് അസ്സലായി ഞങ്ങള്‍ എല്ലാരും കേട്ടു. ഏതാണ്ട് 'പോത്തോ' എന്നൊരു ശബ്ദമാരുന്നു. സാംബശിവന്റെ കഥാപ്രസംഗത്തിലെ സിംബലടി പോലെ ഒരു ' ഹമ്മച്ചീ ' എന്നൊരു ബാക്ക്ഗ്രൌണ്ട് സിംബലും. പിന്നീടാണ്‌ കാര്യങ്ങളുടെ ശരിയായ ചിത്രം മനസ്സിലായത്. ഫൈബര്‍ കസേരകള്‍ ഒന്നിന്മുകളില്‍ ഒന്നായി അടുക്കി വെച്ച് കൊണ്ട് പോവുന്ന ഒരു പിക്ക് അപ്പ്‌ ജീപിന്റെ കയറു കെട്ടഴിഞ്ഞു വീണതാണ് അങ്ങേരു ഭൂമികുലുക്കമായി കണ്ടു താഴേക്ക്‌ ലാന്‍ഡ്‌ ചെയ്തത്. അഞ്ചാം ക്ലാസ്സില്‍ കോഴിമുട്ട വിനാഗിരിയില്‍ ഇട്ടു കുപ്പിയില്‍ തള്ളികേറ്റിയ പോലെ നമ്മുടെ ആറടി രണ്ടിഞ്ചു ഹീറോ ഒരു പ്ലാസ്റിക് ബാരലിലേക്ക് രണ്ടു കാലും തലയും മാത്രം പുറത്തിട്ടു ബാരെലാസനത്തില്‍ ഇരിക്കുന്ന കാഴ്ചയാണ് ഓടിക്കിതച്ചു താഴെ വന്നപ്പോ കണ്ടത്. ബാരലോടെ ഹോസ്പിറ്റലില്‍ കൊണ്ട് പോയി അതില്‍നിന്ന് പുറത്തെടുത്തു, ഒന്നാകെ തോലിയിളകിയ പുറത്തു കുഞ്ഞികൂനന്‍ മയ്കപ് ഒക്കെ ഇട്ടു കമഴ്ത്തി കിടത്തിയ അവന്‍ അവ്യക്തമായി പറഞ്ഞു...." അളിയന്മാരെ...ഏഷ്യാനെറ്റ്‌ കാര് വന്നോന്നു നോക്ക്..നമ്മള് മാത്രേ രക്ഷപെട്ടു കാണൂ..ബാക്കി എല്ലാരും ക്ലോസാ....."


2010 ജൂലൈ 29, വ്യാഴാഴ്‌ച

എള്ളുണ്ട


ഒരു നീണ്ട കാലം പഠിച്ചിട്ടുണ്ട് ഞാന്‍, പല വിദ്യാലയങ്ങളില്‍,പല സ്ഥലങ്ങളില്‍. പാഠപുസ്തകങ്ങളില്‍ കണ്ടത് എന്തൊക്കെയാണെന്ന് ഓര്‍ത്തെടുക്കേണ്ടിവരും. പക്ഷെ അപ്പോഴും ഇടതടവില്ലാതെ കാലം പഠിപ്പിച്ച പാഠങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും മനസ്സിലേക്ക് ഓടിയെത്താറുണ്ട്. ഒരിക്കലും മടങ്ങി പോവാന്‍ പറ്റാത്ത കാലംഓര്‍കുമ്പോള്‍ വല്ലാത്ത നഷ്ടബോധവും !
ഇന്നോ നാളെയോ നിലം പോത്തിയെക്കാവുന്ന ഒരു സ്കൂള്‍ കെട്ടിടമായിരുന്നു ഞാന്‍ ആദ്യമായി പഠിച്ച എന്റെ പ്രൈമറി സ്കൂള്‍.ഇന്ന് കണികാണാന്‍ പോലും കിട്ടാതെ കുട്ടിയറ്റു പോയ സര്‍ക്കാര്‍ സ്കൂള്‍ കളില്‍ ഒന്ന് . മഴക്കാലമായാല്‍ വീട്ടുകാര്‍ക്ക് വല്ലാത്ത ആധിയാണ് മക്കളെ സ്കൂളിലേക്ക് വിടാന്‍. അത്കൊണ്ട് തന്നെ മഴക്കാലത്ത്‌ ക്ലാസ്സിലെ അറ്റണ്ടന്‍സ് വളരെ കുറവായിരുന്നു താനും. മഴമേഘങ്ങള്‍ മാനത്ത് ഉരുണ്ടു കൂടുമ്പോള്‍ ഉരുണ്ടു കൂടുന്നത് ഹെഡ് മാസ്റ്ററുടെ മനസ്സ് കൂടിയായിരുന്നു. ഫലം നീട്ടിയൊരു ബെല്‍ ആണ്. ഇന്ന് മഴയുണ്ടയിരുന്നെങ്കില്‍ എന്ന് ഒരു പാട് പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു സ്കൂളിലേക്ക് വന്നിരുന്നത് തന്നെ. ( ഇന്ന് സ്കൂള്‍ ഇല്ല.ഏതോ ഒരു മഴയത്ത് ഇടിഞ്ഞു പൊളിഞ്ഞു വീണതാണോ അതോ കുട്ടികള്‍ ഇല്ലാതെ പൂട്ടിയതാണോ എന്നറിയില്ല്ല). അതുകഴിഞ്ഞ് കുറച്ചുകൂടെ വലിയ സ്കൂള്‍. മെയിന്‍ റോഡിലൂടെ എല്‍പി സ്കൂളിന്റെ മുറ്റം വരെ , അവിടന്ന് തുടങ്ങുന്ന ഒരു കൊച്ചു ഇടവഴി നേരെ അവസാനിക്കുന്നത്‌ യുപി സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടില്‍. എന്നും ഞാന്‍ പഠിച്ച സ്കൂള്‍ കണ്ടു, അവിടെ എന്നെ തിരിച്ചറിയുന്ന കുട്ടികളോടും പടികളോടും ചെടികളോടും കുശലം പറഞ്ഞായിരുന്നു യാത്ര.
ഇതിനിടക്ക്‌ ഞാന്‍ എപ്പോഴാണ് അവനെ ആദ്യമായി കണ്ടത് ? ഓര്‍കുന്നില്ല. അവിടെ നാലു വര്‍ഷം അവിടെ പടിച്ചപ്പോഴോന്നും അവനെ കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷെ അവന്‍ എന്നെ കണ്ടിരുന്നിരിക്കണം. അല്ലാതെ അവന്റെ മുഖത്ത് ചിരി വരുമായിരുന്നില്ല. എന്നെ ശരിക്കറിയമായിരുന്നു എന്ന് അവന്റെ ചിരിയില്‍ വളരെ വ്യക്തമായിരുന്നു. വായിലെ പുഴുപ്പല്ലും മോണയും ഒരു പോലെ കാട്ടി വെളുക്കെയുള്ള അവന്റെ ചിരിയില്‍ അവന്റെ നിഷ്കളങ്കത മുഴുവന്‍ ഒരു കണ്ണാടിയിലെന്ന പോലെ തെളിയും. അവിടെയിവിടെയായി തുന്നിക്കുത്തിയ അവന്റെ വസ്ത്രത്തില്‍ ആകെ പൊടിയും ചേറും പിടിച്ചിട്ടുണ്ടാവും. തന്റെതല്ലെന്നു വിളിച്ചോതുന്ന ട്രൌസര്‍നു അവന്റെ കൈ താങ്ങുണ്ടായിരുന്നു ഞാന്‍ കാണുമ്പോഴെല്ലാം. എല്‍പി സ്കൂള്‍ന്റെ ചെറിയ മുറ്റം കടന്നു എനിക്ക് പോവേണ്ടിയിരുന്ന ഇടവഴി എത്തുന്നതിനു മുമ്പേ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് അവനെ ഞാന്‍ എന്നും കണ്ടു മുട്ടും. ഏറ്റവും അധികം ഞാന്‍ അവനെ കണ്ടിട്ടുള്ളത് സ്കൂള്‍ വരാന്തയില്‍ ചെറിയ മരത്തൂണും ചാരിയുള്ള അവന്റെ നില്‍പായിരുന്നു. കൈ രണ്ടും പൊക്കി തൂണ്‍പിടിച്ചു ചെറുതായി കറങ്ങുന്നുണ്ടാവും അവന്‍. അവന്റെ പേരെന്തായിരുന്നു...അറിയില്ല. എന്നോടൊരിക്കല്‍ പോലും മിണ്ടിയിട്ടില്ലാത്തത് കണ്ട് അവന്റെ ശബ്ദവും എനിക്കറിയില്ല. എന്നും എന്നോട് പറയാനുള്ളത് മുഴുവന്‍ അവന്റെ നിഷ്കളങ്കമായ ചിരിയിലൂടെ അവന്‍ പറഞ്ഞിട്ടുണ്ട്. എനിക്കതെല്ലാം മനസിലായിട്ടും ഉണ്ട്. എന്നും കാണുന്നത് കൊണ്ടാണോ അതോ അവനെ എനികിഷ്ടമായത്‌ കൊണ്ടാണോ എന്നെനിക്കിപ്പോഴും അറിയില്ല, അവനെ കാണാത്ത ദിവസങ്ങളില്‍ കൂട്ടം കൂടിനില്‍ക്കുന്ന കുട്ടികള്‍ടെ ഇടയിലും ഗ്രൌണ്ടിലും അവിടെ പഠിച്ചിരുന്ന കാലത്ത് ഞാന്‍ ഇരിക്കാറുണ്ടായിരുന്ന ഉങ്ങ് മരത്തിന്റെ പൊങ്ങി നില്‍കുന്ന വേരിലും ഒക്കെ അവനെ നോക്കാറുണ്ടായിരുന്നു. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത്, അവനെ കാണാതിരുന്ന ഒരു ദിവസം ഉണ്ടായിട്ടില്ലന്നണെന്റെ ഓര്‍മ്മ. ഒന്നും പറയാത്ത ഞങ്ങള്‍ക്കിടയില്‍ ഒരു നല്ല ആത്മബന്ധം ഉണ്ടായിരുന്നു. വഴിയില്‍ അവനെ കാണും എന്നുറപ്പുള്ളതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോ രണ്ടു മിട്ടായി എടുത്തു പോക്കറ്റില്‍ വെക്കും. ( പുറത്തു നിന്ന് മിട്ടായി വാങ്ങാന്‍ അനുവാദം ഇല്ലായിരുന്നു. അത്കൊണ്ട് തന്നെ വീട്ടില്‍ എനിക്ക് വേണ്ടി വാങ്ങി വെച്ച മിട്ടായിയില്‍ നിന്നാണ് മേല്‍ പറഞ്ഞ മിട്ടായി എടുക്കുന്നത്. വഴിയിലെ എല്‍പി സ്കൂളിന്റെ മുന്നിലെ പെട്ടിക്കടയിലെ എള്ളുണ്ട കണ്ടു വായില്‍ ഒരുപാട് വെള്ളം ഊറിയിട്ടുണ്ട്). വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ രണ്ടു മിട്ടായികളിലൊന്ന് അപ്പോള്‍ തന്നെ വായില്‍ ! ഉണക്കമീന്‍ തലയ്ക്കു വെച്ച് പൂച്ചക്ക് കിടന്നുറങ്ങാന്‍ പറ്റോ ? എത്ര രുചിയുണ്ടെങ്കിലും രണ്ടാമത്തെത് തിന്നാന്‍ തോന്നിയിട്ടില്ല. ആദ്യമൊക്കെ അവനെ വിളിച്ചു കൊടുക്കാറായിരുന്നു പതിവെങ്കില്‍ പിന്നെ പിന്നെ എന്നെകണ്ടാല്‍ എന്റെ അടുത്തേക്ക് ഓടി വരാറായിരുന്നു. അവന്‍ എന്റെ അടുത്തേക്ക് വരുന്നതും ഞാന്‍ മിട്ടായി കൊടുക്കുന്നതും ഒരു പതിവായി. ..അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓര്‍ത്തെ. ഇടക്കൊരു ദിവസം അവനെ പതിവ്പോലെ തൂണില്‍ വെച്ച് കണ്ടപ്പോ മിട്ടായി നീട്ടിയ ഞാന്‍ അന്നാദ്യമായി അവന്റെ മുഖത്ത് ഒരു അഹങ്കാരം കണ്ടത് ഓര്‍ക്കുന്നു. അന്ന് ഞാന്‍ അല്പം അമ്പരന്നിരുന്നെങ്കിലും പിന്നീടാണ്‌ കാര്യം പിടി കിട്ടിയത്. എന്റെ കയില്‍നിന്ന് മിട്ടായി വാങ്ങാന്‍ കൈ നീട്ടു ഓടി വരുമായിരുന്ന അവന്‍, അന്ന് കുഞ്ഞു ട്രൌസറിന്റെ പോക്കറ്റില്‍ കൈ ഇട്ടുകൊണ്ടാണ് വന്നത്. തൊട്ടു മുന്നില്‍വന്നു നിന്ന് അവന്‍ തല ചെരിച്ചു എന്തോ പോക്കറ്റില്‍ പരതുവായിരുന്നു. എന്നിട്ട് കുറെ പൊടിഞ്ഞ മിക്സ്ചര്‍ എന്റെ കയില്‍ വെച്ച് തന്നപ്പോള്‍ അവന്റെ മുഖത്ത് അന്ന് വരെ കാണാത്ത ഒരു അഹങ്കാരം കാണാമായിരുന്നു. ഞാനും ഒട്ടും കുറവല്ലെന്നൊരു ഭാവം. അത് ഞാന്‍ തിന്നോ കളഞ്ഞോ എന്നോര്‍മ്മയില്ല, പക്ഷെ അപ്പോഴത്തെ അവന്റെ മുഖം ഇന്നും ഓര്‍ക്കുന്നു. ശരിക്കും സന്തോഷം തോന്നിയിരുന്നു അപ്പോള്‍.

അങ്ങിനെ എത്ര കാലം ഉണ്ടായിരുന്നു എന്നൊന്നും ഓര്‍മ്മയില്ല. ഇടക്കെപ്പോഴോ യുവജനോത്സവം കഴിഞ്ഞു സമയംതെറ്റി സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴിയില്‍ ദൂരെ ഒരു വീട്ടിലേക്കു അവന്‍ കയറി പോവുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. അതവന്റെ വീട് തന്നെ ആവണം. ഇളകിമറിഞ്ഞു കിടക്കുന്ന കരിങ്കല്‍ പടവുകള്‍ കേറി ഉയരത്തുള്ള ഒരു കൊച്ചു ഓല മേഞ്ഞ വീട് ! പക്ഷെ അന്ന് കണ്ടതല്ലാതെ പിന്നൊരിക്കലും ആ വിടിന് മുന്നിലോ ആ പടികളിലോ അവനെ ഞാന്‍ കണ്ടിട്ടില്ല.

ഒരു ദിനചര്യ കണക്കെ അവനെ കാണുന്നതും മിട്ടായി കൊടുക്കുന്നതും പുഞ്ചിരികള്‍ കൈമാരുന്നതുമാല്ലാതെ ഒരു വാക്കുപോലും എന്നോട് മിണ്ടിയില്ല, ഞാന്‍ തിരിച്ചും ! എന്നത്തേയും പോലെ അന്നും രണ്ടു മിട്ടായി എടുത്തു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. അന്നവനെ കാണാന്‍ സ്കൂളിന്റെ വരാന്ത വരെ എത്തേണ്ടി വന്നില്ല, അതിനു മുമ്പേ റോഡില്‍ വെച്ച് തന്നെ അവനെ കണ്ടു..അതുവരെ കാണാത്ത ഒരു സ്ഥലത്ത്. സ്കൂള്‍ എത്താനുള്ള ധൃതി പിടിച്ചുള്ള നടത്തത്തിനിടയില്‍ ഒരു കുഞ്ഞു ശബ്ദത്തില്‍ ' ഇക്കാ ' എന്നൊരു വിളിയാണ് എന്നെ പാതിവഴിയില്‍ നിര്‍ത്തിയത്. എന്നെ അവിടെ ആരു വിളിക്കാന്‍ ? എന്നെ ആവില്ലന്നുള്ള ഉറപ്പില്‍ അവഗണിച്ചു നടക്കാന്‍ തുടങ്ങിയ എന്നെ വീണ്ടും അതേ വിളി അവിടെ പിടിച്ചു നിര്‍ത്തി. തിരിഞ്ഞു നോക്കിയപ്പോ അവന്‍ ( പേര് അറിയതോണ്ട് അവന്‍ എന്നല്ലാതെ വിളിക്കാന്‍ നിവൃത്തി ഇല്ല..) റോഡിന്റെ അപ്പുറത്ത് ആ കൊച്ചു കടയില്‍, ഒരു കൈ കടക്കു മുന്നിലെ ഭരണിപുറത്തും മറു കൈ എന്റെ നേര്‍ക്ക്‌ ചൂണ്ടിയും അവന്‍ ആ സ്വതസിദ്ധമായ ആ പുഞ്ചിരിയോടെ നില്പുണ്ടായിരുന്നു. അവന്റെ ആ നില്പില്‍ തന്നെ അവന്‍ എന്റെ അടുത്തേക്ക് ഓടിവരാനുള്ള ധൃതിയില്‍ ആണെന്ന് മനസ്സിലായി. പതിവില്ലാത്ത ആ സ്ഥലത്ത് അവനെ കണ്ടപ്പോഴുള്ള എന്റെ അങ്കലാപ്പ് മനസ്സിലാക്കിയിട്ടാണോ അതോ എനിക്ക് സ്കൂളില്‍എത്താന്‍ ലേറ്റ് ആവുമെന്ന് മനസ്സിലാക്കിയാണോ എന്നറിയില്ല, കടക്കാരന്റെ കയ്യില്‍ നിന്ന് എന്തോ വളരെ ധൃതിയില്‍ വാങ്ങി എന്റെ അടുത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. കഷ്ടി അഞ്ചു മീറ്റര്‍ വീതിയുള്ള ആ ചെറിയ റോഡിന്‍റെ ഇപ്പുറം എത്തുന്നതിനു മുന്‍പേ എന്നെ അറിയാത്ത, അവനെ അറിയാത്ത, ഞങ്ങളുടെ നിശ്ശബ്ദമായ ആത്മ ബന്ധം അറിയാത്ത ഏതോ ഒരു കാര്‍ അവനെ ഇടിച്ചു തെറുപ്പിച്ചു കഴിഞ്ഞിരുന്നു. വളരെ ധൃതിയില്‍ എന്റെ അടുതെത്തുവാന്‍ ഓടിയ അവന്‍ വന്നെത്തിയത് എന്റെ അടുത്ത് തന്നെ! ഓടിയായിരുന്നില്ല, മറിച്ച് എവിടുന്നോ വന്നു എന്റെ മുന്നില്‍ പതിക്കുവായിരുന്നു. എന്റെ മുന്നില്‍ കിടന്നു അവന്‍ നോക്കിയത് എന്റെ കണ്ണുകളിലേക്ക് ആയിരുന്നില്ലേ ? അപ്പോഴും അവന്റെ എന്നെ നോക്കി ആ മോണകാട്ടി പതിവ് പോലെ ചിരിക്കുവായിരുന്നില്ലേ ? അങ്ങിനെ ആണ് അപ്പൊ എനിക്ക് തോന്നിയത്. പിന്നെയാണ് എല്ലാം പെട്ടെന്ന് മാറിയത്. ഒരു തുള്ളി പോലും ചോര പൊടിയാത്ത അവന്റെ മുഖം ചോരയുടെ ചുവപ്പ് നിറത്തില്‍ മാഞ്ഞുപോയി. രണ്ടു കുഞ്ഞു കാലുകള്‍ പിടയുന്നത് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. എവിടുന്നൊക്കെയോ പാഞ്ഞെത്തിയ കുറെ ആള്‍ക്കാര്‍ അവനു ചുറ്റും ഒരു വട്ടമിട്ടതും, വട്ടം മാഞ്ഞപ്പോള്‍ അവനെ കാണാതയതും, കൂടി നിന്ന ആള്‍ക്കാരുടെ വലിയ വട്ടം മാറി കൊച്ചു കൊച്ചു വട്ടങ്ങളായി റോഡിന്റെ പല ഭാഗത്തായി രൂപപ്പെടുത്തുന്നതും ഞാന്‍ അറിയുന്നുണ്ടാരുന്നു. അവനെ താങ്ങിയെടുത്ത് ആരൊക്കെയോ ഹോസ്പിടലിലേക്ക് പോയിട്ടുണ്ടാവും. തഴെ തളം കെട്ടിനിന്ന ചോരയും പകുതി ചോരയില്‍ പുരണ്ട രണ്ടു എള്ളുണ്ടയും എന്റെ മുന്നില്‍ അപ്പോഴും കിടക്കുന്നത് നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായി എനിക്ക് കാണാമായിരുന്നു. എവിടുന്നോ കിട്ടിയ അമ്പതു പൈസ എടുത്തു ഒരു പാട് സന്തോഷത്തോടെ എനിക്ക് എള്ളുണ്ട വാങ്ങാന്‍ പോയതായിരിക്കും അവന്‍. അതുവഴി നടന്നു പോവുമ്പോള്‍ പലതവണ ഞാന്‍ അതുകണ്ട് ഒരുപാട് കൊതിച്ചിട്ടുണ്ട് എന്ന് അവനു മനസ്സിലായിക്കാണും. അതാണല്ലോ യഥാര്‍ത്ഥ ആത്മബന്ധം !

രണ്ടുദിവസത്തേക്ക് പനിയും സ്വപ്നം കാണലും പേടിച്ചു നിലവിളിക്കലും ഒക്കെ ആയിരുന്നു.( അത് ഉമ്മ പറഞു തന്നതാ..എനിക്കോര്‍മ്മ ഇല്ല..) അവനു ഒന്നും പറ്റികാണില്ല എന്ന ഉമ്മയുടെ സ്ഥിരം സമാധാനപെടുത്തലുകളില്‍ ഒരു വിശ്വാസമൊക്കെ വന്നിട്ടാവും, തിരിച്ചു സ്കൂളില്‍ പോവാന്‍ തുടങ്ങിയത്. എന്നാലും വഴിയില്‍ എന്നും കാണുന്ന അവന്റെ വീട്ടിലേക്കു ( അവന്റെ വീടാണ് എന്നത് ഒരു തോന്നല്‍ മാത്രമാണ് ) ഒന്ന് നോക്കിയിട്ടാണ് പോവുന്നതും വരുന്നതും. വീട്ടില്‍ എത്തിയാല്‍ ഉമ്മയേം കൂട്ടി ആ വീട്ടില്‍ പോവണം എന്നുള്ള വാശിയും കരച്ചിലും. ഒടുവില്‍ സഹികെട്ടാവണം വീട്ടില്‍ പണിക്കു നിന്നിരുന്ന സൂറാബിയെയും കൂട്ടി എന്നോട് പോയി കാണാന്‍ പറഞ്ഞത്. സൂറാബി, എനെക്കളും അഞ്ചു വയസു പ്രായം അധികം ഉണ്ടാവും. സംഭവത്തിന്റെ ഗുരുതരാവസ്ഥ എന്റെ പനിയും മേല്പറഞ്ഞ കലാപരിപാടികളും കാരണം അവള്‍ക്കു ഏകദേശം മനസ്സിലായിരുന്നു. സ്കൂളിലേക്ക് പോകുന്ന വഴിക്ക് അവളേം കൂട്ടി അവിടെ ചെന്ന് അവനെ കാണാന്‍ തന്നെ തീരുമാനിച്ചു. ചവിട്ടിയാല്‍ ഇളകി വീഴുന്ന ആ പടികള്‍ കേറി അവന്റെ വീടിന്റെ മുന്നില്‍ എത്തി. തുറന്നിട്ട വീടിന്റെ മുന്നിലെന്നല്ല, അകത്തു പോലും ആരും ഇല്ലെന്നു തോന്നുന്ന അത്രയും നിശ്ശബ്ദതയയിരുന്നു അവിടെ. അകത്തേക്ക് കയറുന്ന ആ കൊച്ചു വാതിലിനു മുകളില്‍ ആ പേരറിയാതെ എന്റെ ചങ്ങാതിയുടെ പടം മാലയിട്ടു വെച്ചിരിന്നുവെങ്കിലും അവന്‍ എന്നോട് ചിരിച്ചു..പഴയ പോലെ..പുഴുപ്പല്ലും മോണയും കാട്ടി അതേ ചിരി ! ഞാന്‍ പോലും അറിയാതെ എന്റെ കൈ പോയത് എന്റെ പാന്റിന്റെ പോക്കറ്റ്‌ ലേക്കാണ്. നിര്‍ഭാഗ്യവശാല്‍ അന്നാദ്യമായി അവനെ കാണാന്‍ പോയപ്പോള്‍ ഞാന്‍ മിട്ടായി എടുക്കാന്‍ മറന്നു പോയിരുന്നു !!