
ഒരു നീണ്ട കാലം പഠിച്ചിട്ടുണ്ട് ഞാന്‍, പല വിദ്യാലയങ്ങളില്‍,പല സ്ഥലങ്ങളില്‍. പാഠപുസ്തകങ്ങളില്‍ കണ്ടത് എന്തൊക്കെയാണെന്ന് ഓര്‍ത്തെടുക്കേണ്ടിവരും. പക്ഷെ അപ്പോഴും ഇടതടവില്ലാതെ കാലം പഠിപ്പിച്ച പാഠങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും മനസ്സിലേക്ക് ഓടിയെത്താറുണ്ട്. ഒരിക്കലും മടങ്ങി പോവാന്‍ പറ്റാത്ത ആ കാലംഓര്‍കുമ്പോള്‍ വല്ലാത്ത നഷ്ടബോധവും !
ഇന്നോ നാളെയോ നിലം പോത്തിയെക്കാവുന്ന ഒരു സ്കൂള്‍ കെട്ടിടമായിരുന്നു ഞാന്‍ ആദ്യമായി പഠിച്ച എന്റെ പ്രൈമറി സ്കൂള്‍.ഇന്ന് കണികാണാന്‍ പോലും കിട്ടാതെ കുട്ടിയറ്റു പോയ സര്‍ക്കാര്‍ സ്കൂള്‍ കളില്‍ ഒന്ന് . മഴക്കാലമായാല്‍ വീട്ടുകാര്‍ക്ക് വല്ലാത്ത ആധിയാണ് മക്കളെ സ്കൂളിലേക്ക് വിടാന്‍. അത്കൊണ്ട് തന്നെ മഴക്കാലത്ത് ക്ലാസ്സിലെ അറ്റണ്ടന്‍സ് വളരെ കുറവായിരുന്നു താനും. മഴമേഘങ്ങള്‍ മാനത്ത് ഉരുണ്ടു കൂടുമ്പോള്‍ ഉരുണ്ടു കൂടുന്നത് ഹെഡ് മാസ്റ്ററുടെ മനസ്സ് കൂടിയായിരുന്നു. ഫലം നീട്ടിയൊരു ബെല്‍ ആണ്. ഇന്ന് മഴയുണ്ടയിരുന്നെങ്കില്‍ എന്ന് ഒരു പാട് പ്രാര്‍ത്ഥിച്ചു കൊണ്ടായിരുന്നു സ്കൂളിലേക്ക് വന്നിരുന്നത് തന്നെ. ( ഇന്ന് ആ സ്കൂള്‍ ഇല്ല.ഏതോ ഒരു മഴയത്ത് ഇടിഞ്ഞു പൊളിഞ്ഞു വീണതാണോ അതോ കുട്ടികള്‍ ഇല്ലാതെ പൂട്ടിയതാണോ എന്നറിയില്ല്ല). അതുകഴിഞ്ഞ് കുറച്ചുകൂടെ വലിയ സ്കൂള്‍. മെയിന്‍ റോഡിലൂടെ എല്‍പി സ്കൂളിന്റെ മുറ്റം വരെ , അവിടന്ന് തുടങ്ങുന്ന ഒരു കൊച്ചു ഇടവഴി നേരെ അവസാനിക്കുന്നത് യുപി സ്കൂളിന്റെ വിശാലമായ ഗ്രൗണ്ടില്‍. എന്നും ഞാന്‍ പഠിച്ച സ്കൂള്‍ കണ്ടു, അവിടെ എന്നെ തിരിച്ചറിയുന്ന കുട്ടികളോടും ആ പടികളോടും ചെടികളോടും കുശലം പറഞ്ഞായിരുന്നു യാത്ര.
ഇതിനിടക്ക് ഞാന്‍ എപ്പോഴാണ് അവനെ ആദ്യമായി കണ്ടത് ? ഓര്‍കുന്നില്ല. അവിടെ നാലു വര്‍ഷം അവിടെ പടിച്ചപ്പോഴോന്നും അവനെ കണ്ടതായി ഓര്‍ക്കുന്നില്ല. പക്ഷെ അവന്‍ എന്നെ കണ്ടിരുന്നിരിക്കണം. അല്ലാതെ അവന്റെ മുഖത്ത് ആ ചിരി വരുമായിരുന്നില്ല. എന്നെ ശരിക്കറിയമായിരുന്നു എന്ന് അവന്റെ ചിരിയില്‍ വളരെ വ്യക്തമായിരുന്നു. വായിലെ പുഴുപ്പല്ലും മോണയും ഒരു പോലെ കാട്ടി വെളുക്കെയുള്ള അവന്റെ ചിരിയില്‍ അവന്റെ നിഷ്കളങ്കത മുഴുവന്‍ ഒരു കണ്ണാടിയിലെന്ന പോലെ തെളിയും. അവിടെയിവിടെയായി തുന്നിക്കുത്തിയ അവന്റെ വസ്ത്രത്തില്‍ ആകെ പൊടിയും ചേറും പിടിച്ചിട്ടുണ്ടാവും. തന്റെതല്ലെന്നു വിളിച്ചോതുന്ന ട്രൌസര്‍നു അവന്റെ കൈ താങ്ങുണ്ടായിരുന്നു ഞാന്‍ കാണുമ്പോഴെല്ലാം. എല്‍പി സ്കൂള്‍ന്റെ ചെറിയ മുറ്റം കടന്നു എനിക്ക് പോവേണ്ടിയിരുന്ന ഇടവഴി എത്തുന്നതിനു മുമ്പേ ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത് അവനെ ഞാന്‍ എന്നും കണ്ടു മുട്ടും. ഏറ്റവും അധികം ഞാന്‍ അവനെ കണ്ടിട്ടുള്ളത് ആ സ്കൂള്‍ വരാന്തയില്‍ ആ ചെറിയ മരത്തൂണും ചാരിയുള്ള അവന്റെ നില്‍പായിരുന്നു. കൈ രണ്ടും പൊക്കി ആ തൂണ്‍പിടിച്ചു ചെറുതായി കറങ്ങുന്നുണ്ടാവും അവന്‍. അവന്റെ പേരെന്തായിരുന്നു...അറിയില്ല. എന്നോടൊരിക്കല്‍ പോലും മിണ്ടിയിട്ടില്ലാത്തത് കണ്ട് അവന്റെ ശബ്ദവും എനിക്കറിയില്ല. എന്നും എന്നോട് പറയാനുള്ളത് മുഴുവന്‍ അവന്റെ ആ നിഷ്കളങ്കമായ ചിരിയിലൂടെ അവന്‍ പറഞ്ഞിട്ടുണ്ട്. എനിക്കതെല്ലാം മനസിലായിട്ടും ഉണ്ട്. എന്നും കാണുന്നത് കൊണ്ടാണോ അതോ അവനെ എനികിഷ്ടമായത് കൊണ്ടാണോ എന്നെനിക്കിപ്പോഴും അറിയില്ല, അവനെ കാണാത്ത ദിവസങ്ങളില്‍ കൂട്ടം കൂടിനില്‍ക്കുന്ന കുട്ടികള്‍ടെ ഇടയിലും ഗ്രൌണ്ടിലും അവിടെ പഠിച്ചിരുന്ന കാലത്ത് ഞാന്‍ ഇരിക്കാറുണ്ടായിരുന്ന ആ ഉങ്ങ് മരത്തിന്റെ പൊങ്ങി നില്‍കുന്ന വേരിലും ഒക്കെ അവനെ നോക്കാറുണ്ടായിരുന്നു. ഒരിടത്തല്ലെങ്കില്‍ മറ്റൊരിടത്ത്, അവനെ കാണാതിരുന്ന ഒരു ദിവസം ഉണ്ടായിട്ടില്ലന്നണെന്റെ ഓര്‍മ്മ. ഒന്നും പറയാത്ത ഞങ്ങള്‍ക്കിടയില്‍ ഒരു നല്ല ആത്മബന്ധം ഉണ്ടായിരുന്നു. വഴിയില്‍ അവനെ കാണും എന്നുറപ്പുള്ളതിനാല്‍ വീട്ടില്‍ നിന്നും ഇറങ്ങുമ്പോ രണ്ടു മിട്ടായി എടുത്തു പോക്കറ്റില്‍ വെക്കും. ( പുറത്തു നിന്ന് മിട്ടായി വാങ്ങാന്‍ അനുവാദം ഇല്ലായിരുന്നു. അത്കൊണ്ട് തന്നെ വീട്ടില്‍ എനിക്ക് വേണ്ടി വാങ്ങി വെച്ച മിട്ടായിയില്‍ നിന്നാണ് മേല്‍ പറഞ്ഞ മിട്ടായി എടുക്കുന്നത്. വഴിയിലെ എല്‍പി സ്കൂളിന്റെ മുന്നിലെ പെട്ടിക്കടയിലെ എള്ളുണ്ട കണ്ടു വായില്‍ ഒരുപാട് വെള്ളം ഊറിയിട്ടുണ്ട്). വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ രണ്ടു മിട്ടായികളിലൊന്ന് അപ്പോള്‍ തന്നെ വായില്‍ ! ഉണക്കമീന്‍ തലയ്ക്കു വെച്ച് പൂച്ചക്ക് കിടന്നുറങ്ങാന്‍ പറ്റോ ? എത്ര രുചിയുണ്ടെങ്കിലും രണ്ടാമത്തെത് തിന്നാന്‍ തോന്നിയിട്ടില്ല. ആദ്യമൊക്കെ അവനെ വിളിച്ചു കൊടുക്കാറായിരുന്നു പതിവെങ്കില്‍ പിന്നെ പിന്നെ എന്നെകണ്ടാല്‍ എന്റെ അടുത്തേക്ക് ഓടി വരാറായിരുന്നു. അവന്‍ എന്റെ അടുത്തേക്ക് വരുന്നതും ഞാന്‍ മിട്ടായി കൊടുക്കുന്നതും ഒരു പതിവായി. ആ..അത് പറഞ്ഞപ്പോഴാ ഒരു കാര്യം ഓര്‍ത്തെ. ഇടക്കൊരു ദിവസം അവനെ പതിവ്പോലെ ആ തൂണില്‍ വെച്ച് കണ്ടപ്പോ മിട്ടായി നീട്ടിയ ഞാന്‍ അന്നാദ്യമായി അവന്റെ മുഖത്ത് ഒരു അഹങ്കാരം കണ്ടത് ഓര്‍ക്കുന്നു. അന്ന് ഞാന്‍ അല്പം അമ്പരന്നിരുന്നെങ്കിലും പിന്നീടാണ് കാര്യം പിടി കിട്ടിയത്. എന്റെ കയില്‍നിന്ന് മിട്ടായി വാങ്ങാന്‍ കൈ നീട്ടു ഓടി വരുമായിരുന്ന അവന്‍, അന്ന് ആ കുഞ്ഞു ട്രൌസറിന്റെ പോക്കറ്റില്‍ കൈ ഇട്ടുകൊണ്ടാണ് വന്നത്. തൊട്ടു മുന്നില്‍വന്നു നിന്ന് അവന്‍ തല ചെരിച്ചു എന്തോ പോക്കറ്റില്‍ പരതുവായിരുന്നു. എന്നിട്ട് കുറെ പൊടിഞ്ഞ മിക്സ്ചര്‍ എന്റെ കയില്‍ വെച്ച് തന്നപ്പോള്‍ അവന്റെ മുഖത്ത് അന്ന് വരെ കാണാത്ത ഒരു അഹങ്കാരം കാണാമായിരുന്നു. ഞാനും ഒട്ടും കുറവല്ലെന്നൊരു ഭാവം. അത് ഞാന്‍ തിന്നോ കളഞ്ഞോ എന്നോര്‍മ്മയില്ല, പക്ഷെ അപ്പോഴത്തെ അവന്റെ മുഖം ഇന്നും ഓര്‍ക്കുന്നു. ശരിക്കും സന്തോഷം തോന്നിയിരുന്നു അപ്പോള്‍.
അങ്ങിനെ എത്ര കാലം ഉണ്ടായിരുന്നു എന്നൊന്നും ഓര്‍മ്മയില്ല. ഇടക്കെപ്പോഴോ യുവജനോത്സവം കഴിഞ്ഞു സമയംതെറ്റി സ്കൂളില്‍ നിന്ന് തിരിച്ചു വരുന്ന വഴിയില്‍ ദൂരെ ഒരു വീട്ടിലേക്കു അവന്‍ കയറി പോവുന്നത് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. അതവന്റെ വീട് തന്നെ ആവണം. ഇളകിമറിഞ്ഞു കിടക്കുന്ന കരിങ്കല്‍ പടവുകള്‍ കേറി ഉയരത്തുള്ള ഒരു കൊച്ചു ഓല മേഞ്ഞ വീട് ! പക്ഷെ അന്ന് കണ്ടതല്ലാതെ പിന്നൊരിക്കലും ആ വിടിന് മുന്നിലോ ആ പടികളിലോ അവനെ ഞാന്‍ കണ്ടിട്ടില്ല.
ഒരു ദിനചര്യ കണക്കെ അവനെ കാണുന്നതും മിട്ടായി കൊടുക്കുന്നതും പുഞ്ചിരികള്‍ കൈമാരുന്നതുമാല്ലാതെ ഒരു വാക്കുപോലും എന്നോട് മിണ്ടിയില്ല, ഞാന്‍ തിരിച്ചും ! എന്നത്തേയും പോലെ അന്നും രണ്ടു മിട്ടായി എടുത്തു ഞാന്‍ വീട്ടില്‍ നിന്നിറങ്ങി. അന്നവനെ കാണാന്‍ സ്കൂളിന്റെ വരാന്ത വരെ എത്തേണ്ടി വന്നില്ല, അതിനു മുമ്പേ റോഡില്‍ വെച്ച് തന്നെ അവനെ കണ്ടു..അതുവരെ കാണാത്ത ഒരു സ്ഥലത്ത്. സ്കൂള്‍ എത്താനുള്ള ധൃതി പിടിച്ചുള്ള നടത്തത്തിനിടയില്‍ ഒരു കുഞ്ഞു ശബ്ദത്തില്‍ ' ഇക്കാ ' എന്നൊരു വിളിയാണ് എന്നെ പാതിവഴിയില്‍ നിര്‍ത്തിയത്. എന്നെ അവിടെ ആരു വിളിക്കാന്‍ ? എന്നെ ആവില്ലന്നുള്ള ഉറപ്പില്‍ അവഗണിച്ചു നടക്കാന്‍ തുടങ്ങിയ എന്നെ വീണ്ടും അതേ വിളി അവിടെ പിടിച്ചു നിര്‍ത്തി. തിരിഞ്ഞു നോക്കിയപ്പോ അവന്‍ ( പേര് അറിയതോണ്ട് അവന്‍ എന്നല്ലാതെ വിളിക്കാന്‍ നിവൃത്തി ഇല്ല..) റോഡിന്റെ അപ്പുറത്ത് ആ കൊച്ചു കടയില്‍, ഒരു കൈ കടക്കു മുന്നിലെ ഭരണിപുറത്തും മറു കൈ എന്റെ നേര്‍ക്ക് ചൂണ്ടിയും അവന്‍ ആ സ്വതസിദ്ധമായ ആ പുഞ്ചിരിയോടെ നില്പുണ്ടായിരുന്നു. അവന്റെ ആ നില്പില്‍ തന്നെ അവന്‍ എന്റെ അടുത്തേക്ക് ഓടിവരാനുള്ള ധൃതിയില്‍ ആണെന്ന് മനസ്സിലായി. പതിവില്ലാത്ത ആ സ്ഥലത്ത് അവനെ കണ്ടപ്പോഴുള്ള എന്റെ അങ്കലാപ്പ് മനസ്സിലാക്കിയിട്ടാണോ അതോ എനിക്ക് സ്കൂളില്‍എത്താന്‍ ലേറ്റ് ആവുമെന്ന് മനസ്സിലാക്കിയാണോ എന്നറിയില്ല, കടക്കാരന്റെ കയ്യില്‍ നിന്ന് എന്തോ വളരെ ധൃതിയില്‍ വാങ്ങി എന്റെ അടുത്തേക്ക് ഒരൊറ്റ ഓട്ടമായിരുന്നു. കഷ്ടി അഞ്ചു മീറ്റര്‍ വീതിയുള്ള ആ ചെറിയ റോഡിന്‍റെ ഇപ്പുറം എത്തുന്നതിനു മുന്‍പേ എന്നെ അറിയാത്ത, അവനെ അറിയാത്ത, ഞങ്ങളുടെ നിശ്ശബ്ദമായ ആത്മ ബന്ധം അറിയാത്ത ഏതോ ഒരു കാര്‍ അവനെ ഇടിച്ചു തെറുപ്പിച്ചു കഴിഞ്ഞിരുന്നു. വളരെ ധൃതിയില്‍ എന്റെ അടുതെത്തുവാന്‍ ഓടിയ അവന്‍ വന്നെത്തിയത് എന്റെ അടുത്ത് തന്നെ! ഓടിയായിരുന്നില്ല, മറിച്ച് എവിടുന്നോ വന്നു എന്റെ മുന്നില്‍ പതിക്കുവായിരുന്നു. എന്റെ മുന്നില്‍ കിടന്നു അവന്‍ നോക്കിയത് എന്റെ കണ്ണുകളിലേക്ക് ആയിരുന്നില്ലേ ? അപ്പോഴും അവന്റെ എന്നെ നോക്കി ആ മോണകാട്ടി പതിവ് പോലെ ചിരിക്കുവായിരുന്നില്ലേ ? അങ്ങിനെ ആണ് അപ്പൊ എനിക്ക് തോന്നിയത്. പിന്നെയാണ് എല്ലാം പെട്ടെന്ന് മാറിയത്. ഒരു തുള്ളി പോലും ചോര പൊടിയാത്ത അവന്റെ മുഖം ചോരയുടെ ചുവപ്പ് നിറത്തില്‍ മാഞ്ഞുപോയി. രണ്ടു കുഞ്ഞു കാലുകള്‍ പിടയുന്നത് കണ്ടത് ഞാന്‍ ഓര്‍ക്കുന്നു. എവിടുന്നൊക്കെയോ പാഞ്ഞെത്തിയ കുറെ ആള്‍ക്കാര്‍ അവനു ചുറ്റും ഒരു വട്ടമിട്ടതും, വട്ടം മാഞ്ഞപ്പോള്‍ അവനെ കാണാതയതും, കൂടി നിന്ന ആള്‍ക്കാരുടെ വലിയ വട്ടം മാറി കൊച്ചു കൊച്ചു വട്ടങ്ങളായി റോഡിന്റെ പല ഭാഗത്തായി രൂപപ്പെടുത്തുന്നതും ഞാന്‍ അറിയുന്നുണ്ടാരുന്നു. അവനെ താങ്ങിയെടുത്ത് ആരൊക്കെയോ ഹോസ്പിടലിലേക്ക് പോയിട്ടുണ്ടാവും. തഴെ തളം കെട്ടിനിന്ന ചോരയും പകുതി ചോരയില്‍ പുരണ്ട രണ്ടു എള്ളുണ്ടയും എന്റെ മുന്നില്‍ അപ്പോഴും കിടക്കുന്നത് നിറഞ്ഞ കണ്ണുകളിലൂടെ അവ്യക്തമായി എനിക്ക് കാണാമായിരുന്നു. എവിടുന്നോ കിട്ടിയ അമ്പതു പൈസ എടുത്തു ഒരു പാട് സന്തോഷത്തോടെ എനിക്ക് എള്ളുണ്ട വാങ്ങാന്‍ പോയതായിരിക്കും അവന്‍. അതുവഴി നടന്നു പോവുമ്പോള്‍ പലതവണ ഞാന്‍ അതുകണ്ട് ഒരുപാട് കൊതിച്ചിട്ടുണ്ട് എന്ന് അവനു മനസ്സിലായിക്കാണും. അതാണല്ലോ യഥാര്‍ത്ഥ ആത്മബന്ധം !
രണ്ടുദിവസത്തേക്ക് പനിയും സ്വപ്നം കാണലും പേടിച്ചു നിലവിളിക്കലും ഒക്കെ ആയിരുന്നു.( അത് ഉമ്മ പറഞു തന്നതാ..എനിക്കോര്‍മ്മ ഇല്ല..) അവനു ഒന്നും പറ്റികാണില്ല എന്ന ഉമ്മയുടെ സ്ഥിരം സമാധാനപെടുത്തലുകളില്‍ ഒരു വിശ്വാസമൊക്കെ വന്നിട്ടാവും, തിരിച്ചു സ്കൂളില്‍ പോവാന്‍ തുടങ്ങിയത്. എന്നാലും വഴിയില്‍ എന്നും കാണുന്ന അവന്റെ വീട്ടിലേക്കു ( അവന്റെ വീടാണ് എന്നത് ഒരു തോന്നല്‍ മാത്രമാണ് ) ഒന്ന് നോക്കിയിട്ടാണ് പോവുന്നതും വരുന്നതും. വീട്ടില്‍ എത്തിയാല്‍ ഉമ്മയേം കൂട്ടി ആ വീട്ടില്‍ പോവണം എന്നുള്ള വാശിയും കരച്ചിലും. ഒടുവില്‍ സഹികെട്ടാവണം വീട്ടില്‍ പണിക്കു നിന്നിരുന്ന സൂറാബിയെയും കൂട്ടി എന്നോട് പോയി കാണാന്‍ പറഞ്ഞത്. സൂറാബി, എനെക്കളും അഞ്ചു വയസു പ്രായം അധികം ഉണ്ടാവും. സംഭവത്തിന്റെ ഗുരുതരാവസ്ഥ എന്റെ പനിയും മേല്പറഞ്ഞ കലാപരിപാടികളും കാരണം അവള്‍ക്കു ഏകദേശം മനസ്സിലായിരുന്നു. സ്കൂളിലേക്ക് പോകുന്ന വഴിക്ക് അവളേം കൂട്ടി അവിടെ ചെന്ന് അവനെ കാണാന്‍ തന്നെ തീരുമാനിച്ചു. ചവിട്ടിയാല്‍ ഇളകി വീഴുന്ന ആ പടികള്‍ കേറി അവന്റെ വീടിന്റെ മുന്നില്‍ എത്തി. തുറന്നിട്ട വീടിന്റെ മുന്നിലെന്നല്ല, അകത്തു പോലും ആരും ഇല്ലെന്നു തോന്നുന്ന അത്രയും നിശ്ശബ്ദതയയിരുന്നു അവിടെ. അകത്തേക്ക് കയറുന്ന ആ കൊച്ചു വാതിലിനു മുകളില്‍ ആ പേരറിയാതെ എന്റെ ചങ്ങാതിയുടെ പടം മാലയിട്ടു വെച്ചിരിന്നുവെങ്കിലും അവന്‍ എന്നോട് ചിരിച്ചു..പഴയ പോലെ..പുഴുപ്പല്ലും മോണയും കാട്ടി അതേ ചിരി ! ഞാന്‍ പോലും അറിയാതെ എന്റെ കൈ പോയത് എന്റെ പാന്റിന്റെ പോക്കറ്റ് ലേക്കാണ്. നിര്‍ഭാഗ്യവശാല്‍ അന്നാദ്യമായി അവനെ കാണാന്‍ പോയപ്പോള്‍ ഞാന്‍ മിട്ടായി എടുക്കാന്‍ മറന്നു പോയിരുന്നു !!
8 അഭിപ്രായങ്ങൾ:
ഇയാളെ കാണാന്‍ 19 വര്‍ഷത്തിനു ശേഷം കയില്‍ ഒരു പാട് മിട്ടായിയുമായി പോയപ്പോള്‍ ആ വീടിരുന്നിടത്ത് വലിയൊരു വീടായിരുന്നു. ആ കുഞ്ഞുകുട്ടിയുടെ പടം ഇരുന്നിടത്ത് ഒരു യുവാവ് ഒരു കാറിന്റെ മുന്നില്‍ നില്‍കുന്ന ഒരു പടവും. വീട് മാറിയെന്നു പറഞ്ഞു തിരിച്ചിറങ്ങി നടന്നപ്പോള്‍ ഒന്നൂടെ തിരിഞ്ഞു നോക്കിയിരുന്നു ഞാന്‍. അവിടെ എവിടെയെങ്കിലും അവന്‍ എന്നോട് ഇപ്പോഴും ചിരിക്കുന്നുണ്ടാവും എന്ന പ്രതീക്ഷയില്‍ !
മനസില്‍തട്ടിയ വരികല്‍ .മീന്‍കാരനെ പരിചയപ്പെ ട്ടതും സ്റ്റോറിയോടുല്ല എന്‍റെ ഇഷ്ടം കൊണ്ടാന്നു തോന്നുന്നു .ഈ സ്റ്റോറി ഞാന്‍ കേട്ടിട്ടുണ്ട് .അന്ന് വലിയ ഇഷ്ടമായി .നന്നായിട്ട്ണ്ട് .
ശ്രീ...
നന്ദി.......!
really heart touching nice......
.do u knw me dariz
Dariz എന്ന വിളിയില്‍ ആളെ മനസ്സിലായി....!
Kali...ith voice'il paranjappozhum kannu niranjirunnu..ippo vayichappozhum kannu niranju..nannaayitund...
Annu ketappozhum kannu niranju..ippo vayichappozhum kannu niranju...
Annu ee kadha paranj ketappozhum kannu niranju..ippovayichappozhum kannu niranju...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ