
ഇവളെന്റെ കാമുകി...
എന്റെ ഇഷ്ടങ്ങള്‍ ഞാന്‍ പറയാതെ അറിഞ്ഞവള്‍...
എന്റെ പരിമിതികള്‍ മനസ്സിലക്കിയവള്,
എന്റെ വേദനകള്‍ തലയാട്ടി കേട്ടു നിന്നവള്‍...
എല്ലാം കേട്ടു, സുവര്‍ണ്ണ കരങ്ങളാല്‍ എന്നെ തലോടി സമാശ്വസിപ്പിച്ചിരുന്നവള്..
തന്റെ തണലില്‍ സ്വര്‍ണം വിരിച്ചു, എനിക്ക് തണലേകാന്‍ കാത്തുനിന്നവള്‍,
ഇടക്കെപ്പോഴോ...വഴിമാറി ഞാന്‍ അകന്നപ്പോള്‍ ...
എന്റെ സാമീപ്യം അവള് കൊതിച്ചിരിന്നുവോ...
എന്നെ കാണാതെ വന്നപ്പോള്‍,
ഉയര്‍ന്നു പൊങ്ങി എന്റെ മുറിയിലേക്ക് അവള് എത്തി നോക്കിയിരുന്നുവോ....
അറിയില്ല...
ജീവിതം കരുപ്പിടിപ്പിക്കാന്‍ എന്ന വ്യാജേന നാണയം പെറുക്കാന്‍ ഇറങ്ങിയപ്പോ...
നിന്നെകുറിച്ച് ഓര്‍ത്തു പോലുമില്ലല്ലോ ഞാന്‍...!
ഇന്ന്...വര്‍ഷങ്ങള്‍ക്കു ശേഷം...
നിന്റെ തലവെട്ടം കാണാതെ എന്റെ മുറിയില്‍ ഇരിക്കുമ്പോ...
പറയാന്‍ കഴിയാത്ത ഒരു നഷ്ടബോധം..!
ലാഭം ഇല്ലാത്തതെല്ലാം വേണ്ടാത്തതെന്ന സങ്കല്പം..
അതാണ് നിന്നെ അച്ഛന് ഇല്ലാതാക്കാന്‍ കാരണം...
മുറിച്ചു മാറ്റപെട്ട നിന്റെ തായ്തടിയുടെ ശിഷ്ടഭാഗത്തിനരികില്..
തലകുനിച്ചു നില്ക്കുമ്പോള്..
എന്റെ ഇഷ്ടം എത്ര വലുതായിരുന്നു എന്ന് ഞാന്‍ അറിയുന്നു..
ഇന്നിന്റെ പരക്കം പാച്ചിലില്‍...ഞാനല്ലാതെ,
മറ്റാരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമോ....
ഓര്‍മ്മയായി പോയ ആ പഴയ
കൊന്ന മരത്തിനെ...!
2 അഭിപ്രായങ്ങൾ:
ബൂലോകത്തേയ്ക്ക് സ്വാഗതം! ഈ കറുത്ത പ്രതലത്തിലെ വെളുത്ത അക്ഷരങ്ങൾ വായനാസുഖം നൽകുന്നില്ലെന്നാണ് ഈയുള്ളവനവർകളുടെ അഭിപ്രായം. വെളുത്ത പ്രതലത്തിൽ കറുത്ത അക്ഷരങ്ങളിൽ എഴുതുന്നതാണ് ഉചിതം എന്ന അഭിപ്രായവും ഉണ്ട്. കറുത്ത പ്രതലം ഫോട്ടോ ബ്ലോഗുകൾക്കാണ് ഉചിതം. പറഞ്ഞെന്നേയുള്ളൂ! കമന്റിടുമ്പോഴത്തെ ഈ വേർഡ് വെരിഫിക്കേഷനും ഒഴിവാക്കുന്നതാണ് നല്ലത്. കമന്റിടുന്നവർക്ക് അത് അസൌകര്യമാണ്. സെറ്റിംഗിൽ ചെന്ന് വേർഡ് വെരിഫിക്കേഷൻ വേണ്ടെന്ന സെറ്റിംഗ് സേവ് ചെയ്യാവുന്നതാണ്.ആശംസകൾ!
സജിം ..
വേർഡ് വെരിഫിക്കേഷൻ ഒഴിവാക്കിയിട്ടുണ്ട്. ഇത് വഴി വന്നതിനും അപാകതകള്‍ ചൂണ്ടി കാനിച്ചതിനും നന്ദി...!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ